സർക്കാർ ഓഡിയോ ലോഞ്ചിൽ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

ദളപതി വിജയ്‌യുടെ 62-ാമത്തെ സിനിമയാണ് സര്‍ക്കാര്‍. സംവിധായകന്‍ എ.ആര്‍.മുരുകദോസ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണിത്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. സര്‍ക്കാര്‍ സനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു ഇന്നലെ. ആയിരക്കണക്കിന് ആരാധകര്‍ ഒത്തു ചേര്‍ന്ന വന്‍ പരിപാടിയിലാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തത്.

വിജയ്, എ.ആര്‍.മുരുകദോസ്, കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, എ.ആര്‍.റഹ്മാന്‍ തുടങ്ങിയ ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം ഓഡിയോ റിലീസിനെത്തി. ഓഡിയോ ലോഞ്ചിനു മുന്‍പായി വിജയ് നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സ്റ്റേജിലേക്ക് കടന്നുവരവേ ‘ദളപതി ദളപതി’ എന്നു ഉച്ചത്തില്‍ വിളിച്ചുകൂവിയാണ് ആരാധകര്‍ താരത്തെ വരവേറ്റത്.
‘എന്റെ നെഞ്ചില്‍ എപ്പോഴുമുളള സ്നേഹിതാ’, എന്നു പറഞ്ഞുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം തുടങ്ങിയത്. പിന്നാലെ അണിയറപ്രവര്‍ത്തകരെ പേരെടുത്ത് പ്രശംസിക്കുകയും ചെയ്തു വിജയ്. എ.ആര്‍.റഹ്മാനാണ് സര്‍ക്കാര്‍ സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റഹ്മാന്‍ ഈ സിനിമയില്‍ പങ്കാളിയായതോടെ സര്‍ക്കാരിന് ഓസ്കര്‍ ലഭിച്ച പോലെയാണെന്ന് വിജയ് പറഞ്ഞു.

“സാധാരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു” വിജയ് ഇതു പറഞ്ഞതും ആരാധകര്‍ വന്‍കരഘോഷം മുഴക്കി. ഇതിനുപിന്നാലെ താന്‍ പറഞ്ഞത് സിനിമയെക്കുറിച്ച്‌ മാത്രമാണെന്ന് വിജയ് വ്യക്തമാക്കി. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കവേയാണ് വിജയ്‌യുടെ പ്രതികരണം.

ഈ സിനിമയില്‍ മുഖ്യമന്ത്രി ആയിട്ടാണ് വിജയ് അഭിനയിക്കുന്നതെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെക്കുറിച്ച്‌ അവതാരകന്‍ പ്രസന്ന ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ആയിട്ടല്ല താന്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതെന്നായിരുന്നു വിജയ്‌യുടെ മറുപടി. ഇതിനു പിന്നാലെയാണ് തമിഴകം മുഴുവന്‍ ഉത്തരം കിട്ടാന്‍ കാത്തിരുന്ന ചോദ്യം പ്രസന്ന ചോദിച്ചത്. ജീവിതത്തില്‍ ശരിക്കും മുഖ്യമന്ത്രി ആയാലോ? ഇതിനു ‘മുഖ്യമന്ത്രി ആയാല്‍ അഭിനയിക്കില്ല’ എന്നായിരുന്നു വിജയ്‌യുടെ മാസ് മറുപടി. മുഖ്യമന്ത്രി ആയാല്‍ മാറ്റണം എന്നു വിചാരിക്കുന്ന വിഷയം എന്താണെന്ന് ചോദിച്ചപ്പോള്‍ അഴിമതി എന്നായിരുന്നു വിജയ് പറഞ്ഞത്. അത് മാറ്റുക എളുപ്പമല്ലെന്നും വൈറസ് പോലെ അത് പടര്‍ന്നുപോയിരിക്കുന്നുവെന്നും പക്ഷേ അത് മാറ്റിയേ തീരൂവെന്നും വിജയ് പറഞ്ഞു.

ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങാതിരുന്നാല്‍ താഴേക്കിടയിലുളളവരും കൈക്കൂലി വാങ്ങില്ലെന്നും വിജയ് പറഞ്ഞു. ഒരു നേതാവ് നല്ലതായിരുന്നാല്‍ ഓട്ടോമാറ്റിക് ആയി ആ പാര്‍ട്ടിയും നല്ലതാവുമെന്നും ദളപതി ആരാധകരോട് പറഞ്ഞു.

സർക്കാർ ഓഡിയോ ലോഞ്ചിൽ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>