ഒരു പഴയ ബോംബ് കഥ.

പേരിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഒരു ചിത്രം…അങ്ങനെ വിശേഷിപ്പിക്കാം ‘ഒരു പഴയ ബോംബ് കഥ’ എന്ന ചിത്രത്തെ. കാരണം മലയാളസിനിമയിൽ പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ളൊരു കഥാപരിസരമാണ് സിനിമയുടെ പശ്ചാത്തലം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. പഴയ ബോംബ് കഥ എന്നു പറയുന്നത് തന്നെ അതിനൊരു മുൻകൂര്‍ ജാമ്യമെടുക്കലാണെന്ന് തോന്നും. പക്ഷേ രസകരമായ നർമ്മരംഗങ്ങള്‍ ഉള്‍ച്ചേർത്ത് പ്രേക്ഷകർക്ക് ആസ്വദ്യകരമാകുംവിധം അവതരിപ്പിച്ചിട്ടുണ്ട് ‘ഒപിബികെ’ എന്ന് ചുരുക്കപ്പേരുള്ള ‘ഒരു പഴയ ബോംബ് കഥ’യിൽ.

‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്നീ സിനിമകളുടെ ഇരട്ട തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ്ജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണിത്. ഹിറ്റ് ചിത്രങ്ങളുടെ തോഴനായ ഷാഫി ആദ്യമായാണ് ഒരു പുതുമുഖ നായകനെ പരീക്ഷിക്കുന്നത്. സ്വാഭാവികമായ അഭിനയമുഹൂ‍ർത്തങ്ങളിലൂടെ ബിബിൻ വിസ്മയിപ്പിക്കുമ്പോള്‍ മികച്ച തിരഞ്ഞെടുപ്പാണ് ഷാഫിയുടേതെന്ന് പറയാം. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ തന്നെ പോളിയോയെ അതിജീവിച്ചെത്തി സ്വാധീന കുറവുള്ള കാലുമായി അഭിനയിച്ച ആദ്യ നായകനായിരിക്കും ഈ ചിത്രത്തിലെ നായകൻ ബിബിൻ ജോര്‍ജ്ജ്. നൃത്ത രംഗങ്ങളിലും സംഘട്ടനത്തിലുമെല്ലാം പോരായ്മയുള്ള ഇടത് കാലുമായി അസാധ്യമായ പ്രകടനം ബിബിൻ നടത്തുന്നുണ്ട്.

ബിബിൻ-ഹരീഷ് കോമ്പിനേഷനിൽ രസകരമായി നീങ്ങുന്ന ആദ്യ‌ പകുതിയും ബോംബും പ്രതികാരവുമൊക്കെ തിരുകി ചേർത്തിരിക്കുന്ന നാടകീയത കലർന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിൽ. സാധാരണക്കാരായ കാഴ്ചക്കാരെ നിരാശപ്പെടുത്താതെ, മുഷിപ്പിക്കാതെ കാണാൻ പ്രേരിപ്പിക്കുന്ന എന്‍റർടെയ്നറാണ് ചിത്രം.

വികലാംഗനായ ശ്രീകുട്ടന്‍റേയും അവന്‍റെ ഉറ്റസുഹൃത്തായ ഭവ്യന്‍റേയും ജീവിതത്തിലൂടെയാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. കാലത്തെ തന്നെ ഒന്നര‌ഗ്ലാസ്സ് മദ്യം അകത്താക്കുന്നതിനാൽ ഭവ്യനെ ഒന്നരയെന്നും, ശ്രീകുട്ടനെ ഒന്നരക്കാലനെന്നുമാണ് നാട്ടുക്കാർ വിളിക്കുന്നത്. ശ്രീകുട്ടന്റെ‌ കൊച്ച് കൊച്ച് പ്രണയവും, നിരാശയും, സങ്കടങ്ങളും, പ്രശ്നങ്ങളും ഒപ്പം തമാശകളുമായി സിനിമ മുന്നോട്ട്‌ പോകുന്നു. നാട്ടിൽ പുതിയതായി വന്ന കർക്കശക്കാരനായ പോലീസുകരനുമായി ശ്രീകുട്ടന് ശത്രുതയുണ്ടാകുന്നതും ശേഷം സംഭവിക്കുന്ന നാടകീയ മൂഹൂർത്തങ്ങളും പ്രതികാരവും ഉൾച്ചേർത്താണ് ബോംബ് കഥ വികസിക്കുന്നത്.

യു.ജി.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം പേരിനോട് ‘നീതി പുലര്‍ത്തുന്ന’ തിരക്കഥയും, അവതരണരീതിയുമാണ് പിന്തുടർന്നിരിക്കുന്നത്. രസകരമായ ചില രംഗങ്ങൾ, ഹരീഷ് കണാരന്റെ കൗണ്ടർ തമാശകൾ, ഷാജോണിന്റെ‌ മികച്ച വില്ലൻ കഥാപാത്രം എന്നിവ കൊണ്ടു തൃപ്തികരമായ ഒരു സിനിമാസ്വാദനം സാധ്യമാക്കുന്നുണ്ട് ചിത്രം. പ്രയാഗ മാർട്ടിനാണ് നായികാ വേഷത്തെ അവതരിപ്പിക്കുന്നതെങ്കിലും കാര്യമായൊന്നും‌ ചെയ്യാനില്ലായിരുന്നു. വിജയരാഘവൻ, ഹരിശ്രീ അശോകൻ, ബിജുകുട്ടൻ, ഹരീഷ് കണാരൻ, ഷാജോൺ, ഇന്ദ്രൻസ്, വിഷ്ണു ഉണ്ണികൃഷണൻ‌ തുടങ്ങിയവർ മറ്റു പ്രധാന‌ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ബിഞ്ചു ജോസഫ്‌,‌ സുനിൽ‌ കർമ്മ എന്നിവരുടേതാണ് കഥയും തിരക്കഥയും. വിനോദ് ഇല്ലമ്പിള്ളി സിനിമാറ്റോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത് അരുൺരാജാണ്.

ഒരു പഴയ ബോംബ് കഥ.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>