കിനാവള്ളി.

ഓർഡിനറി, ശിക്കാരി ശംഭു എന്നീ സിനിമകൾക്കു ശേഷം മലയാള സിനിമയിലേക്ക് വ്യത്യസ്തമായ ഒരു കിനാവുമായാണ് സംവിധായകൻ സുഗീത് എത്തിയിരിക്കുന്നത്. സൗഹൃദവും പ്രണയവും കൂടികലര്‍ന്നുള്ള മത്സരത്തിന്‍റെ രസകരമായ ആവിഷ്ക്കാരമാണ് കിനാവള്ളി.

ചിത്രത്തിന്‍റെ പോസ്റ്ററിലെ ഏറെ ശ്രദ്ധിക്കപ്പെട്ടത് “ Based on a Fake Story” എന്ന വാചകമായിരുന്നു. സംവിധായകൻ അവകാശപ്പെടുന്നത് പോലെ തന്നെ ഒരു കെട്ടു കഥയെ ആസ്പദമാക്കിയിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു പേരിൽ നിന്നും തുടങ്ങി അഞ്ചു പേരിലേക്ക് പെരുകിയ കൂട്ടുകെട്ട് . അതിനിടയിൽ കടന്നുവന്ന പ്രണയം, പ്രണയം കാരണം സൗഹൃദത്തിൽ വന്ന വിടവ്, ഏറെ നാളുകള്‍ക്കു ശേഷമുള്ള ഒത്തുചേരൽ. കൗതുകകരമായ ഒരു പ്രണയത്തിനും സൗഹൃദത്തിനും ഇടയിലുള്ള പേടിയും ആശങ്കയുമാണ് തമാശ കലർത്തിയ ഹൊറർ ഫെയറി ടെയിൽ രൂപത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് .

പുതുമുഖ താരങ്ങളായ സുരഭി സന്തോഷ്, അജ്മൽ, സൗമ്യ, വിജയ് ജോണി, സുജിത് രാജ്, കൃഷ് എന്നിവരാണ് അണിനിരന്നത്. എല്ലാവരും ശരാശരി അഭിനയമാണ് കാഴ്ച്ച വെച്ചത്. ഹരീഷ് കണാരൻ സ്വതസിദ്ധമായ ശൈലിയിൽ അപ്പുവെന്ന കഥാപാത്രത്തെ മനോഹരമാക്കി. ശരാശരി നിലവാരത്തിലുള്ള ആദ്യ പകുതിയേക്കാൾ എന്തുകൊണ്ടും മികച്ചു നിന്നത് രണ്ടാം ഭാഗമായിരുന്നു. ഒരേ സമയം ചിരിപ്പിക്കാനും ഭീതിപ്പെടുത്താനുമുള്ള സംവിധായകന്‍റെ മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ. അമിതമായ ഗ്രാഫിക്സ് ഉപയോഗം ഇല്ലാതെ തന്നെ സിനിമ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചിട്ടുണ്ട് .

ഇൻ ഗോസ്റ്റ് ഹൗസ് എന്ന ചിത്രത്തെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു തുടക്കമെങ്കിലും പിന്നീട് മേഘസന്ദേശം എന്ന സുരേഷ് ഗോപി ചിത്രത്തിലെ പ്രേത സങ്കൽപത്തോട് ചേർന്നുനിന്നു . പലയിടത്തും പശ്ചാത്തല സംഗീതത്തിന് ചേർച്ചക്കുറവ് അനുഭവപ്പെട്ടു .

ജീവിതത്തിനും മരണത്തിനും മുകളിൽ പ്രണയം എന്ന സത്യത്തെ ഓര്‍മ്മിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ഒരു സാങ്കൽപ്പിക കെട്ടുകഥയാണെന്നും കൂടി യാതൊരുവിധ മുൻധാരണയും ഇല്ലാതെപോയി കാണുന്ന ഒരു പ്രേക്ഷകനെ ചിരിപ്പിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ലോജിക്കൊക്കെ മടക്കി കെട്ടി പോയില്ലെങ്കില്‍ നിരാശയായിരിക്കും ഫലം.

കിനാവള്ളി.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>