എന്നാലും ശരത്ത്

കഥ,തിരക്കഥ,സംഭാഷണം,സംവിധാനം‌ – ബാല‌ചന്ദ്ര മേനോൻ. മലയാളസിനിമയിൽ ഈ ടൈറ്റിൽ കാർഡ് തെളിയുമ്പോൾ കുടുംബപ്രേക്ഷകരും സ്ത്രീകളും യുവാക്കളും ഒന്നടങ്കം തീയറ്ററിൽ ഇരുന്ന് ആസ്വദിച്ച് സിനിമ കണ്ടിരുന്ന ഒരു‌ വസന്തകാലമുണ്ടായിരുന്നു. നീണ്ട ഒരിടവേളയ്ക്ക്‌ ശേഷമാണ് അദ്ദേഹം ഞാൻ‌ സംവിധാനം ചെയ്യും‌ എന്ന ചിത്രവുമായി 2015ൽ തീയറ്ററിലെത്തിയത്. പുതിയകാലത്തിന്‍റെ മാറ്റങ്ങളുള്‍ക്കൊള്ളാതെ എത്തിയ ആ ചിത്രം പ്രേക്ഷകർ ഏറ്റെുത്തില്ല. ഇപ്പോഴിതാ വീണ്ടും എന്നാലും ശരത്ത് എന്ന തന്റെ പുതിയ സിനിമയുമായി കടന്നു വന്നിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.

ഇത്തവണ അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത് തന്റെ സ്ഥിരം ശൈലിയിലുള്ള ഒരു കഥയല്ല, പകരം ന്യൂജൻ സിനിമകളെ അനുകരിക്കുന്ന വിധമുള്ള ഒരു ത്രില്ലർ കഥാന്തരീക്ഷമാണ് എന്നാലും ശരത്തിലുള്ളത്. കട്ട സസ്പെൻസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ടാഗ് അത് തന്നെയാണ് സൂചിപ്പിക്കുന്നുണ്ട്. എന്നാലും ശരത്ത് എന്നാണ് പേരെങ്കിലും എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ച് വികസിക്കുന്ന ഒരു കഥയാണിത്. ആരംഭത്തിൽ തന്നെ അവൾ‌ മരണപ്പെടുന്നു. കൊലപാതക സൂചനകൾ‌ ലഭിക്കുന്ന പോലീസ് കേസ് അന്യേഷണം തുടങ്ങുന്നു. തുടർന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള‌ ചില ഫ്ലാഷ്ബാക്ക് രംഗങ്ങൾ. അവളുടെ സുഹ്രുത്ത് മിഷേൽ, ശരത്ത്, സാം എന്നീ കഥാപാത്രങ്ങൾ കടന്നുവരുന്നു, ഒപ്പം അന്യേഷണം ഒന്നുമെത്താതെ മുന്നോട്ട് പോകുകയും ചെയ്യുന്നു.

ത്രില്ലർ സ്വഭാവത്തിൽ നിന്ന് ഇടയ്ക്ക് സിനിമ നാടകീയമാകുകയും വീണ്ടും സീരിയസ് ആവുകയും ചെയ്യുന്നു. കേസ് അന്യേഷണങ്ങളും അപ്രതീക്ഷിത വരിത്തിരിവുകളുമെല്ലാം ഒരുപരിധി വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുമെങ്കിലും അറുപഴഞ്ചൻ അവതരണരീതി വില്ലനായി നിലനിൽക്കുന്നു. തനിക്ക്‌ ഒട്ടും വഴങ്ങാത്ത ഒരു തിരക്കഥയെ സിനിമയാക്കി എന്നതാണ് ബാലചന്ദ്ര മേനോൻ എന്ന ആദരണീയ മനുഷ്യൻ ഇവിടെ ചെയ്ത പിഴവ്. കൂടാതെ ന്യൂജൻ സിനിമയോടും അന്തരീക്ഷത്തോടും ഒപ്പം ഓടിയെത്താൻ ശ്രമിച്ച് ക്ഷീണിതനാകുന്നതായും കാണാം.

സാമൂഹിക വിഷയങ്ങളും, അനാവശ്യമായ‌ രംഗങ്ങളും സിനിമയിൽ‌ അധികമുണ്ട്. തമാശകളും രസിപ്പിക്കുന്ന മറ്റു രംഗങ്ങളും‌ തരക്കേടില്ലാതെ കണ്ടിരിക്കാമെന്ന് മാത്രം. തന്റെ പ്രതാപ‌ കാലത്തെ തമാശകളോട് ഒട്ടും തന്നെ കിടപിടിക്കുന്ന ഒന്നല്ല എന്നാലും‌ ശരത്തിൽ ബാല‌ചന്ദ്ര മേനോൻ അവതരിപ്പിച്ചുള്ളത്.

നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം‌ ചെയ്തിരിക്കുന്നത്. ലാൽജോസ്, ജൂഡ് ആന്തണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മർമ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

ക്യാമറ കാഴ്ചകൾ‌‌ ശരാശരി. ഔസേപ്പൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ത്രില്ലർ സ്വഭാവത്തിന് വിപരീതമായ സ്ലോ‌ പെയ്സുള്ള എഡിറ്റിങും‌ അവതരണവും പ്രേക്ഷകർക്ക് കല്ലുകടിയായി അനുഭവപ്പെടാം. തൃപ്തികരമായ ഒരു ആസ്വാദനമാണ് എന്നാലും ശരത്ത് നൽകുന്നതെങ്കിലും ഒരു ത്രില്ലർ സിനിമ പ്രതീക്ഷിച്ച് പോകുന്നവരെ‌ നിരാശപ്പെടുത്തുകയും ചെയ്യാം. എന്നാൽ കുടുംബപ്രേക്ഷകരെ ഇരിപ്പിടത്തിൽ ഉറപ്പിച്ചിരുത്തി സിനിമ കാണിപ്പിക്കാൻ എന്നാലും ശരത് ശ്രമിക്കുന്നുണ്ട്.

എന്നാലും ശരത്ത്

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>