പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റ് സ്വന്തമാക്കി ഈട

നാഷണൽ അവാർഡ് ജേതാവായ ബി. അജിത് കുമാറിന്‍റെ ആദ്യ സംവിധാന സംരഭമാണു ‘ഈട’.ഷെയിന്‍ നായകനായി സിനിമയിലെത്തിയ ആദ്യ സിനിമ കിസ്മത്തിന് ശേഷം പ്രണയം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ഈട. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ സിനിമയിലെത്തിയ നിമിഷ സജയനാണ് നായികയായി അഭിനയിക്കുന്നത്.

ഇന്ന് റിലീസിനെത്തിയ ഈട പ്രണയിതാക്കളായ ആനന്ദ് എന്ന യുവാവിന്റെയും ഐശ്വര്യ എന്ന യുവതിയുടെയും കഥയാണ് പറയുന്നത്. മാർക്സിസ്റ്റ് കുടുംബ പശ്ചാത്തലമുള്ള നായികയും ആർ.എസ്സ്. എസ്സ് പാരമ്പര്യമുള്ള നായകനും. അവർ തമ്മിൽ പ്രണയിക്കുമ്പോൾ കൊടിയുടെ നിറം‌ നോക്കുന്നില്ല. എന്നാൽ പാർട്ടികൾ തമ്മിലുള്ള ചോര ബലികൾക്കിടയിൽ അവരുടെ പ്രണയം പാഴായി പോകുന്നിടത്താണു കഥയുടെ ഒഴുക്ക് ആരംഭിക്കുന്നത്. ആദ്യമധ്യാന്തം സിനിമ ഒരു സീരിയസ് മൂഡിലാണു നീങ്ങുന്നത്.

കിസ്മത്തിൽ മലപ്പുറവും പറവയിൽ കൊച്ചിയും സംസാരിച്ച ഷെയ്ൻ ഈടെലെത്തിയപ്പോൾ തനി കണ്ണൂരുകാരനായി. മൈസൂരിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി‌ ചെയ്യുന്ന ആനന്ദ് എന്ന‌ നിഷ്കളങ്കനായ ചെറുപ്പക്കാരനിലൂടെ, അവനു നേരിടേണ്ടി വരുന്ന പാർട്ടിപ്പോരുകളിലൂടെ, അവനെ ഇരയാക്കുന്ന അക്രമരാഷ്ട്രീയത്തിലൂടെയാണ് ‘ഈട’യുടെ സഞ്ചാരം. ഐശ്വര്യയുമായുള്ള പ്രണയമാണു ആനന്ദിനെ കുഴിയിൽ‌ ചാടിക്കുന്നത്. അവൻ അറിയാതെ അവൻ ഭാഗമാകുന്ന മരണം, അവന്‍റെ നിഷ്കളങ്കത വരുത്തിവെയ്ക്കുന്ന ബാക്കി പൊല്ലാപ്പുകൾ, അവന്‍റെ ജീവനെ തന്നെ അപഹരിക്കാൻ നടക്കുന്ന കൂട്ടങ്ങൾ, ഇതിനിടയിൽ പൊലിയുന്ന പ്രണയം, മോഹഭംഗം ഇതൊക്കെയാണു സിനിമ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ നായികയായെത്തിയ നിമിഷ സജയന്‍ നായികയാവുന്ന രണ്ടാമത്തെ സിനിമയാണ് ഈട. ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷയാണ്. കോളേജ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയാണ് ആനന്ദിന്റെ പ്രണയിനിയായി വരുന്നത്.

കണ്ണൂരിന്റെ നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരും പാർട്ടി ഗ്രാമങ്ങളിലെ വീടുകളിലെ സന്ധ്യാ ചർച്ചകളും കുടുംബ- സാമൂഹ്യ ബന്ധങ്ങളും മനോഹരമായി ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമാക്കാഴ്ചയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും സ്ക്രീനിൽ വന്നു പോകുന്ന കാമ്പുള്ള കാഥാപാത്രങ്ങൾ തന്നെയാണ്. സുരഭി ലക്ഷ്മി, അലൻസിയർ ലോപസ്, മണികണ്ഠൻ ആചാരി, പി. ബാലചന്ദ്രൻ, സുധി കോപ്പ, രാജേഷ് ശർമ്മ തുടങ്ങിയവരെല്ലാം ഈടയെ പുതിയ അനുഭവമാക്കി.

കേരളത്തിന്റെ പ്രാദേശിക പശ്ചാത്തലങ്ങളിൽ നിരവധി സിനിമകൾ കഥ പറഞ്ഞെങ്കിലും വടിവൊത്ത ഭാഷയോ ശീലങ്ങളോ ഇല്ലാത്ത തനി ഉത്തര മലബാറൻ നാട്ടിൻ പുറമായ കണ്ണൂരിനെ തോൾ ചേർന്നു നിന്ന് പകർത്താൻ ഈടയ്ക്ക് സാധിച്ചു. ആത്മാവ് ചോരാത്ത കണ്ണൂർ ഭാഷകൊണ്ടും പ്രദേശം കൊണ്ടും ഈടയുടെ പ്രാദേശികത നിലനിറുത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ബി അജിത്ത് കുമാറാണ് സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. എഡിറ്റിങ്ങില്‍ വര്‍ഷങ്ങളോളം പരിചയമുള്ള അജിത്തിന് ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു. പപ്പുവാണു ക്യാമറമാൻ. അദ്ദേഹത്തിന്‍റെ ഫ്രെയിമുകൾ മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കുന്നുണ്ട്.

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റ് സ്വന്തമാക്കി ഈട

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>