ദൈവമേ കൈതൊഴാം കെ.കുമാറാകണം

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സലീം കുമാര്‍ അഭിനയത്തിന് പുറമെ സംവിധാനത്തിലുള്ള കഴിവ് തെളിയിച്ചിരുന്നു. കറുത്ത ജൂതന്‍ എന്ന സിനിമയിലൂടെ സംവിധായകനായും അഭിനേതാവും ഞെട്ടിച്ചതിന് ശേഷം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം കെ.കുമാറാകണം.ടൈറ്റിലിൽ തന്നെ ചിരിപടർത്തിക്കൊണ്ടാണു സലീം കുമാർ കഥയെഴുതി സംവിധാനം ചെയ്തത്.ചിരികൂട്ടങ്ങളും മറ്റു ചേരുവകളും ആവോളം സിനിമയിൽ ഉണ്ടെന്നുള്ള ബോധ്യം തന്നെയായിരിക്കും ഏതൊരു കുടുംബ പ്രേക്ഷകനെയും ഈ സിനിമ കാണാൻ ആദ്യം പ്രേരിപ്പിക്കുന്ന ഘടകം.ജയറാമിനെ നായകനാക്കി ഒരുക്കിയ സിനിമയില്‍ മറ്റൊരു പ്രധാന വേഷം സലീം കുമാറും കൈകാര്യം ചെയ്തിട്ടുണ്ട്. അനുശ്രീയാണ് ചിത്രത്തിലെ നായിക. ആക്ഷേപ ഹാസ്യമായി നിര്‍മ്മിക്കുന്ന സിനിമ കുടുംബ പശ്ചാതലത്തിലൊരുക്കിയ ഒരു ഫാന്‍റസി കോമഡി ചിത്രമാണ്.

സിനിമയുടെ ആരംഭം സ്വർഗ്ഗത്തിൽ നിന്നാണ്. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലേക്ക് സന്ദർശനം നടത്താൻ തയ്യാറെടുക്കുന്ന ദൈവത്തെയും കൂടെ മായാദേവനെയും കാണാം. അവർ ചെല്ലുന്നത് കൃഷ്ണകുമാർ അഥവാ കെ.കുമാർ എന്ന ഗ്രാമസേവകനായ മനുഷ്യന്‍റെ വീട്ടിലേക്കാണ്. അതിനു കാരണമായി ദൈവം പറയുന്നത് കൃഷ്ണകുമാർ ഇത് വരെ ദൈവത്തെ വിളിച്ചു ബുദ്ധിമുട്ടിച്ചിട്ടില്ല എന്നുള്ളതാണ്.ഇന്നത്തെ സമൂഹം ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ഒരു പ്രധാനപ്പെട്ട വിഷയമാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്. താലപ്പൊലിയും കുരവയുമായി ഉണ്ണായിപുരം ഗ്രാമത്തിലുള്ളവർ ദൈവത്തെ സ്വീകരിക്കുന്നു. ഉണ്ണായിപുരം ഗ്രാമത്തിലെ പഞ്ചയാത് സെക്രട്രറി കൂടിയാണ് കെ.കുമാർ.അയാളും ഭാര്യയും തമ്മിലുള്ള ബന്ധങ്ങളുടെയും, പ്രശ്‌നങ്ങളുമാണ് പിന്നീട് ചിത്രത്തിൽ.കെ കുമാറും ഭാര്യയും ദൈവത്തിന് മുന്നിൽ വെക്കുന്ന ഒരു കരാറിന്റെ അടിസ്ഥനത്തിൽ പിന്നീട് കഥ വികസിക്കുന്നു.

ഭർത്താവിനെ സേവിക്കുന്ന നിർമ്മല എന്ന ഭാര്യയുടെ വേഷം അനുശ്രീ ഭംഗിയായി ചെയ്തിരിക്കുന്നു.നെടുമുടി വേണു, സലീം കുമാർ, അഞ്ചലി നായർ, കൊളപുള്ളി ലീല, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂർ,സുരഭി, തുടങ്ങിയവരാണു സിനിമയിലെ മറ്റു താരങ്ങൾ.ശ്രീനിവാസൻ, ഹരിശ്രീ അശോകൻ,പ്രയാഗ മാർട്ടിൻ എന്നിവർ അതിഥി വേഷങ്ങളിൽ മാത്രമായി ഒതുങ്ങി.ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ധാരണകളെ അടിവരയിടുക എന്ന ഉദ്ദേശ്യം തന്നെയാണു സിനിമയ്ക്ക് പറയാനുള്ള ഏകകാര്യം. ശുദ്ധഹാസ്യമാണു സിനിമയുടെ കരുത്ത് എന്ന് പറയേണ്ടിയിരിക്കുന്നു. എങ്കിലും പലയിടത്തും‌ ചിരി ചളിയായും, ഏച്ചുകെട്ടലായും അനുഭവപ്പെടുന്നുണ്ട്. കാഴ്ചക്കാരനെ ത്രസിപ്പിക്കുന്ന രംഗങ്ങളോ, അപ്രതീക്ഷിത സംഭവങ്ങളോ ഒന്നും ഇല്ലാത്ത ഒരു സാധാ സിനിമ.

നാദിർഷയാണു സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ബിജിപാൽ പശ്ചാത്തല സംഗീതവും. ക്യാമറമാൻ സിനു സിദ്ദാർഥ്.സലീംകുമാർ അവതരിപ്പിക്കുന്ന ഗോപി എന്ന കഥാപാത്രം രസകരമായിരുന്നു. എന്നാൽ സംവിധായകന്‍റെ കുപ്പായം കല്ലുകടിയായി തോന്നിയേക്കാം. പ്രബലമായ തിരക്കഥയുടെ അഭാവം, പുതുമയില്ലത്ത സന്ദർഭങ്ങൾ എന്നത് തന്നെയാണു കാരണങ്ങൾ. ഇത്തരം കുടുംബ സിനിമകളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നു നിർമ്മാതാക്കളും എഴുത്തുകാരും തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.

ദൈവമേ കൈതൊഴാം കെ.കുമാറാകണം

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>