കാർബൺ

2018 ലെ ആദ്യ ഫഹദ് ഫാസിൽ ചിത്രം കാർബൺ പ്രദർശനത്തിനെത്തി.റിയലിസ്റ്റിക് നടനെന്ന വിശേഷം നേരത്തെ സ്വന്തമാക്കിയ ഫഹദിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദിന്റെ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് കാർബൺ.ഛയാഗ്രഹകൻ കൂടിയായ വേണു സംവിധാനം ചെയ്ത കാർബൺ ചിത്രീകരണ വേളയിൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.ദയ, മുന്നറിയിപ്പ് എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത വേണു ആദ്യമായി സ്വന്തം തിരക്കഥയിൽ സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് കാർബൺ.ചാരത്തിലും ഡയമണ്ടിലും ജീവജാലങ്ങളിലും എല്ലായിടത്തും കാണപെടുന്നതുമായ ഒരു മൂലകമാണ് കാർബൺ.തന്റെ ചിത്രത്തിന്റെ പ്രസക്തി എടുത്തു കാണിക്കുന്നതിനായി ഇത് തന്നെ ആണ് ടാഗ് ലൈൻ ആയി സംവിധായകൻ വേണു തെരുഞ്ഞെടുത്തത്.

സിബി എന്ന ചെറുപ്പക്കാരനെയും അയാളുടെ ജീവിതത്തെയും ചുറ്റിപറ്റിയാണു കഥാസഞ്ചാരം. പാലാ നഗരത്തിൽ താമസിക്കുന്ന സിബിക്ക് എടുത്തുപറയാൻ തക്കവണ്ണമുള്ളൊരു ജോലിയില്ല. അയാളുടെ ഭാഷയിൽ പറഞ്ഞാൽ ഫാന്‍റസി കലർന്ന വിഷയങ്ങളിലാണു സിബിക്ക് കമ്പം. അതുകൊണ്ടുതന്നെ, മരതക കല്ല്, വെള്ളിമൂങ്ങ, ആനക്കച്ചവടം തുടങ്ങിയ കച്ചവട തന്ത്രങ്ങിലാണു അയാളുടെ ശ്രദ്ധ. എന്നാൽ എല്ലായിടത്തും നിരാശയാണു ഫലം. ആര് ഉപദേശിച്ചാലും സിബി നന്നാകില്ല. മൂന്നാല് ദിവസം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് ഒറ്റ മുങ്ങൽ, അതൊക്കെയാണു പുള്ളിയുടെ പരിപാടി.
സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് അതിൽ നിന്നും രക്ഷപെടുന്നതിനായി കാടിനു നടുവിലൊരു വീട്ടിൽ മേൽനോട്ടക്കാരനായി എത്തുകയാണ് സിബി.ഇത് സിബിയുടെ ജീവിതത്തിൽ വഴിത്തിരിവാകുകയാണ്.

ഫാന്‍റസി കലർന്ന വിഷയങ്ങളിൽ താല്പര്യമുള്ള സിബി ഇവിടെ നിന്ന് കേൾക്കുന്ന കഥകളിലൂടെ മറ്റൊരു നിഗൂഢ യാത്രയ്ക്ക് തയ്യാറാകുന്നു.സിബിയുടെ മനസ്സ് കുട്ടികളുടേത് പോലെയായാണ്.കുട്ടിക്കാലത്തു താൻ വായിച്ച ബാലരമയിലെ നിധിവേട്ടകഥയിലെ നിധി വേട്ടക്കാരനാവുകയാണ് സിബി ഇവിടെ.സിനിമയുടെ പെയ്സ് ആദ്യഭാഗത്തിൽ രസകരവും വേഗത്തിലുമായിരുന്നു. രണ്ടാം ഭാഗം മന്ദതാളത്തിലും. കാടിന്റെ ഭംഗി ആവോളം ഒപ്പിയെടുത്തിരിക്കുന്ന ഒരു സിനിമകൂടിയാണു‌ കാർബൺ. ക്യാമറ കാഴ്ചകളും സംഗീതവും ആസ്വാദ്യകരം തന്നെയാണ്.

സസ്പെൻസ്, ഭയം, ഇവ രണ്ടും സമ്മിശ്രങ്ങളായി രണ്ടാം ഭാഗത്തിൽ കടന്നുപോകുന്നു. ഒപ്പം സിബിയുടെ മാനസിക സമ്മർദ്ദങ്ങളും ഫാന്‍റസിയും കൂടികലർന്നൊരു അന്തരീക്ഷവും.ഫഹദിന്റെ അഭിനയം‌ തന്നെയാണു സിനിമയുടെ നട്ടെല്ല്. സിബിയെ അവതരിപ്പിക്കാൻ ഇതിലും മികച്ചൊരു കാസ്റ്റിങ് മലയാളത്തിൽ വേറെയാരുണ്ട് എന്ന് സംശയിച്ച് പോകും.

ഇത്രയും മനോഹരമായി ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ക്ലൈമാക്സ് തൃപ്തികരമെന്നേ പറയാൻ പറ്റൂ. വേണുവിന്റെ മുൻ ചിത്രമായ മുന്നറിയിപ്പ് പോലെ താനെ ഈ ചിത്രവും അപൂർണതയിൽ അവസാനിക്കുന്നു.സ്പടികം ജോർജ്, സൗബിൻ, മമ്ത മോഹൻദാസ്, മണികണ്ഠൻ ആചാരി,ശറഫുദ്ധീൻ, വിജയരാഘവൻ, നെടുമുടി വേണു,മാസ്റ്റർ ചേതൻ,കൊച്ചു പ്രേമൻ ,പ്രവീണ എന്നിവരാണു മറ്റു താരങ്ങൾ. എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന സ്പടികം ജോർജ് കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഫഹദ് ഫാസിലിന്റെ അച്ഛൻ വേഷത്തിൽ ഒതുങ്ങി.ഫഹദിനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്, ബാക്കി കഥാപാത്രങ്ങളെല്ലാം തന്നെ ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങി.

പതിഞ്ഞ താളത്തിലാണു സിനിമ. എന്നാൽ ബോറടിപ്പിക്കില്ല. പുതുമയുള്ള കഥാസമീപനം, അവതരണം, ദൃശ്യഭംഗി, മികവുറ്റ അഭിനേതാക്കൾ, തീവ്രതയുള്ള സംഗീതം, ഇതൊക്കെ ചിത്രത്തിന്റെ മേന്മകളാണ്. എങ്കിലും കാർബൺ എന്ന സിനിമ ചിത്രീകരിക്കാൻ തുനിഞ്ഞ അണിയറ പ്രവർത്തകർകരെ അഭിനന്ദിച്ചേ മതിയാകൂ. മികച്ച ദൃശ്യാനുഭവം തന്നെയാണ് സിനിമ നൽകുന്നത്. മുൻ വിധികൾ മാറ്റിവെച്ച്, പുതുമയുള്ള, നല്ലൊരു സിനിമ ആസ്വദിക്കാൻ ശ്രമിക്കുന്ന കാഴ്ചക്കാരനെ ഈ ചിത്രം നിരാശപ്പെടുത്തില്ല.

കാർബൺ

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>