അരവിന്ദന്റെ അതിഥികള്‍  റിവ്യൂ

കഥ പറയുമ്ബോള്‍, മാണിക്യക്കല്ല്, മൈ ഗോഡ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം മോഹനന്‍.വളരെ ലളിതമായ പ്ലോട്ടുകളും 90കളിലെ സിനിമാ കാഴ്ചകളെ ഓര്‍മിപ്പിക്കുന്ന പശ്ചാത്തലവും ഉള്ള സിനിമകളാണ് മോഹനന്റേത്.അരവിന്ദന്റെ അതിഥികളും ഒരു ലഘുവായ ഫീല്‍ ഗുഡ് സിനിമയുടെ മൂഡില്‍ തന്നെയാണ് കാണികള്‍ക്ക് മുന്നില്‍ എത്തുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ലവ് 24×7 ലൂടെ ശ്രദ്ധേയായ നിഖിലാ വിമലും ഒക്കെയാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടിമാരില്‍ ഒരാളായ ഉര്‍വശി ഒരു മുഴുനീള വേഷത്തില്‍ എത്തുന്ന സിനിമ കൂടി ആണ് അരവിന്ദന്റെ അതിഥികള്‍. കെ പി എസ് സി ലളിത, ശ്രീജയ, അജു വര്‍ഗീസ്, പ്രേം കുമാര്‍, ബിജുക്കുട്ടന്‍, ശാന്തീകൃഷ്ണ തുടങ്ങി വലിയ താര നിര തന്നെ സിനിമയില്‍ ഉണ്ട്.

കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം. അഞ്ചാം വയസില്‍ അരവിന്ദനെ അമ്മ അവിടെ ഉപേക്ഷിക്കുന്നു. ഒരു നവരാത്രി തിരക്കില്‍ ഒറ്റപ്പെട്ട അരവിന്ദന്‍ അവിടെ ഒരു ലോഡ്ജ് നടത്തുന്ന മാധവന് കിട്ടുന്നു. ശ്രീനിവാസനാണ് മാധവൻ ആകുന്നത്.പഠനത്തിന് ശേഷം അരവിന്ദന്‍ മോഹനനൊപ്പം ലോഡ്ജില്‍ അതിഥികളെ നോക്കി ജീവിക്കുന്നു. ആരുമില്ലാത്തവരും നട തള്ളിയവരും ഒക്കെയായി ഒരു സംഘം അവരോടൊപ്പം ഉണ്ട്. തന്നെ അമ്മ ഉപേക്ഷിച്ച നവരാത്രിയും ഉത്സാഘോഷങ്ങളും വേദനയായി അരവിന്ദന്‍ ഉള്ളില്‍ പേറുന്നുണ്ട്. അമ്ബലം അയാള്‍ക്ക് അത്ര പ്രിയപ്പെട്ടതല്ലാത്ത സാന്നിധ്യമാണ്. ഒരിക്കല്‍ അരവിന്ദന്റെ അതിഥികളായി വരദയും (നിഖില) അമ്മയും (ഉര്‍വശി) എത്തുന്നു. കലാമണ്ഡലത്തില്‍ പഠനം കഴിഞ്ഞ വരദയുടെ നൃത്ത അരങ്ങേറ്റം ആണ് ലക്‌ഷ്യം. എന്നാല്‍ യാദൃശ്ചികമായി ഉണ്ടായ ചില തടസങ്ങള്‍ കാരണം അരങ്ങേറ്റം നടന്നില്ല. തിരിച്ചു പോകാനാവാത്ത അവസ്ഥ ആയതുകൊണ്ട് അമ്മയ്ക്കും മകള്‍ക്കും അരവിന്ദന്റെ അതിഥികള്‍ ആയി തുടരേണ്ടി വരുന്നു. പിന്നീട് ഇവര്‍ക്കെല്ലാം ഇടയില്‍ ഉണ്ടാകുന്ന ആത്മബന്ധവും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആണ് അരവിന്ദന്റെ അതിഥികള്‍.

അരവിന്ദന്റെ അതിഥികള്‍ വളരെ ചെറിയ ഒരു സിനിമ ആണ്. പ്രേമേയപരമായോ മേക്കിങ് രീതികളിലോ യാതൊരു തരത്തിലും ആര്‍ഭാടം കാണിക്കാതെ വളരെ ചെറിയ ക്യാന്‍വാസില്‍ പറഞ്ഞു തീര്‍ത്ത സിനിമ.നായകന്‍ പാടാനും പഠിക്കാനും കഴിവുള്ള സകല കലാ വല്ലഭനായി നില്‍ക്കണം എന്ന ക്‌ളീഷേ അല്ലാതെ പോപ്പുലര്‍ സിനിമാ യുക്തികളൊന്നും അരവിന്ദന്റെ അതിഥികള്‍ പിന്തുടരുന്നില്ല. യാന്ത്രികമായി ഒരു തുടര്‍ച്ച ഉണ്ടാക്കുന്ന രീതിയും സിനിമയില്‍ ഇല്ല.അഭിനയിക്കുന്നവരാണ് ഇത്തരം ചെറിയ ക്യാന്‍വാസില്‍ ഉള്ള സിനിമകളെ തിരക്കഥ കഴിഞ്ഞാല്‍ മുന്നോട്ടു നയിക്കുന്നത്. അരവിന്ദന്റെ അതിഥികളിലെ താരങ്ങള്‍ എല്ലാം സ്വന്തം ഇടങ്ങളില്‍ നിന്ന് വളരെ വൃത്തിയായി സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. മുല്ലപ്പൂ വേണോ എന്ന് ചോദിക്കുമ്ബോള്‍ അയ്യോ വേണ്ട എനിക്കെന്റെ കല്യാണം ഓര്‍മ വരും എന്ന് ഒരു നിമിഷം താമസിക്കാതെ കൗണ്ടര്‍ പറയുന്ന ഉര്‍വശി പഴയകാല കഥാപാത്രങ്ങളുടെ വൈവിധ്യത്തെ ഓര്‍മിപ്പിച്ചു. അരവിന്ദന്റെ അതിഥികളില്‍ മണ്ടത്തരങ്ങള്‍ പറയുന്ന പൊങ്ങച്ചങ്ങള്‍ പറയുന്ന ഒരു വീട്ടമ്മ ആയി അവരെ തോന്നുമെങ്കിലും വളരെ പക്വത ഉള്ള ജീവിതാനുഭവങ്ങള്‍ നയിക്കുന്ന ഒരു സ്ത്രീയാണവര്‍. രണ്ടാം വരവില്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ശാന്തികൃഷ്ണ ഒരിക്കല്‍ക്കൂടി കയ്യടി അര്‍ഹിക്കുന്നു. സിനിമ കണ്ടു കഴിയുമ്ബോള്‍ അവരുടെ പ്രകടനം ബാക്കിയാവുന്നു. നായകന്‍റെ വേരുകള്‍ അന്വേഷിച്ചു പോകുന്ന നായികയും അയാളുടെ കൂട്ടുകാരനുമെല്ലാം അരവിന്ദനെക്കാള്‍ അധികം സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു.

വളരെ ചെറിയ ക്യാന്‍വാസില്‍, ചെറിയ ഒരു തിരക്കഥ കൊണ്ട് ഭാരങ്ങള്‍ ഒന്നും തരാതെ കഥ പറഞ്ഞവസാനിപ്പിക്കുന്ന രീതി മലയാള സിനിമയില്‍ അന്യം നിന്ന് പോയ ഒന്നാണ്. അത്തരം കാഴ്ച ശീലങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് അരവിന്ദന്റെ അതിഥികൾ ഇഷ്ടപ്പെട്ടേക്കാം

Rating
Above average

അരവിന്ദന്റെ അതിഥികള്‍ റിവ്യൂ

| Movies, Reviews | 0 Comments
About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>